തുമ്പി വിശേഷങ്ങള്‍

ഗൃഹാതുരത്വം നല്‍കുന്ന പ്രാണികളാണ് തുമ്പികള്‍ . കുട്ടിക്കാലത്ത് തുമ്പിയെ പിടിച്ചു അവയെ കൊണ്ട് കല്ലുകളെടുപ്പിച്ചത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? നമ്മളെ രസിപ്പിക്കാന്‍ അവ വല്ലാതെ പ്രയാസപ്പെട്ടു കാണും അല്ലെ?
ഇനി ഇതാ തുമ്പിയെ കുറിച്ച് അല്‍പ്പം ചില കൌതുക വാര്‍ത്തകള്‍ ..


  • 300 ദശലക്ഷം വര്‍ഷങ്ങളായി ഒരു മാറ്റവുമില്ലാതെ നില നില്‍ക്കുന്ന പ്രാണിവര്‍ഗമാണ് തുമ്പികള്‍ . ചിറകു വിടര്‍ത്തിയാല്‍ രണ്ടര അടി വലിപ്പമുള്ള തുമ്പികള്‍ ആ കാലത്തുണ്ടായിരുന്നുവെന്ന് ഫോസ്സില്‍ രേഖകള്‍ തെളിയിക്കുന്നുണ്ട്. 
  • തുമ്പിയുടെ വളർച്ചയ്ക്ക് ചൂടും സൂര്യപ്രകാശവും അത്യാവശ്യമായതിനാൽ ഉഷ്ണമേഖലാ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
  • നിലവില്‍ ലോകത്ത് 6500 ല്‍ പരം ഇനം തുമ്പികളുണ്ട്. സുതാര്യമായ രണ്ട് ജോഡി ചിറകുകളും നീണ്ട ശരീരവും ഇവയുടെ പ്രത്യേകതയാണ്.
  • തുമ്പികള്‍ക്ക് ആറു കാലുകളുണ്ടെങ്കിലും നടക്കാന്‍ കഴിയില്ല!!
  • തുമ്പികളുടെ ശരീരത്തിന് 10 ഖണ്ടങ്ങളുണ്ട് (Segments).
  • തുമ്പികളുടെ വര്‍ഗം ഒഡോനേറ്റ (Odonata) എന്നറിയപ്പെടുന്നു. പല്ലുള്ളത് എന്നാണു ഈ വാക്കിനര്‍ത്ഥം.
തുമ്പികള്‍ പലതരം 

മൂന്നു തരം തുമ്പികളാണ് പ്രധാനമായും ഉള്ളത്.

  • സൂചിത്തുമ്പികൾ (Damselfly or Zygoptera): ഇവക്ക് സൂചിപോലെ നേർത്ത ഉടലാണുള്ളത്. അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ രണ്ടു ജോടി ചിറകുകളും ഉടലിനോട് ചേർത്ത് വയ്ക്കുന്നു. 
  • കല്ലൻ തുമ്പികൾ (Dragon flies or Anisoptera): തുമ്പികളിൽ ശക്തരാണ് ഇക്കൂട്ടര്‍ .   ശക്തമായ കാലുകളും ഇരിക്കുമ്പോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളുമാണ് ഇവയുടെ പ്രത്യേകത.
  • അനിസോസൈഗോപ്‌റ്ററ - (Anisozygoptera) - ഇവ ജീവിക്കുന്ന ഫോസിലുകളാണ്.  ഇവ രണ്ടു ഇനമുണ്ട്. Epiphebia laidlawi എന്ന ഒരിനം ഇന്ത്യയിലെ ഡാർജിലിങ്ങില്‍  കാണപ്പെടുന്നു. 

തുമ്പിയുടെ വമ്പ് 
  • പ്രാണികളില്‍ ഏറ്റവും വേഗതയുള്ളവരാണ് തുമ്പികള്‍ . അവയില്‍ മണിക്കൂറില്‍ 60 കി.മീറ്റര്‍ വേഗതയില്‍ വരെ പറക്കുന്നവരുണ്ട്. 
  • തുമ്പികളുടെ പറക്കല്‍ നിരീക്ഷിച്ചിട്ടുണ്ടോ? അത്ഭുതകരമായ കാഴ്ചയാണത്. വട്ടമിട്ടു പറക്കാനും പിന്നോട്ട് പറക്കാനും വായുവില്‍ കുറെ നേരം നില കൊള്ളാനുമൊക്കെ അവക്ക് കഴിയും. തീര്‍ന്നില്ല, പറക്കുന്ന സമയത്ത് തന്നെ ഇണ ചേരാനും ഇര പിടിക്കാനും തുമ്പികള്‍ക്ക് പ്രത്യേക കഴിവുണ്ട്!!  ഇണ ചേരുന്നതിനും ഒരു പ്രത്യേക സ്റ്റൈല്‍ ഉണ്ട്.  വാൽഭാഗത്തായി കാണപ്പെടുന്ന ഒരു അവയവത്തിന്റെ സഹായത്തോടെ  ചക്രരൂപത്തിൽ പരസ്പരം കോർത്തു പിടിച്ചാണ് അവ ഇണ ചേരുക.
  • തുമ്പി സെക്കണ്ടില്‍ 30 പ്രാവശ്യമേ ചിറകിട്ടടിക്കൂ. മറ്റു പല പ്രാണികളും 300 ഉം 500 ഉം തവണ ചിറകിട്ടടിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്.
  • അപാര കാഴ്ച ശക്തിയാണ് തുമ്പികള്‍ക്ക്. അവയുടെ ഒരു കണ്ണില്‍ 30,000 ത്തോളം ചെറു ലെന്‍സുകളുണ്ട്. 

 
  • തുമ്പികൾക്ക് നാൽപ്പത് അടി ദൂരത്തിലുള്ള കാഴ്ചകൾ 360 ഡിഗ്രിയിൽ കാണുവാൻ സാധിക്കും!!!
  • ഒരു ആണ്‍ തുമ്പി തന്റെ പ്രദേശത്തേക്ക് മറ്റു ആണ്‍ തുമ്പികളെ അടുപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും. വലിയ സ്വാര്‍ത്ഥത അവ കാണിക്കുന്നു എന്നര്‍ത്ഥം. ഏതെങ്കിലും പെണ്‍ തുമ്പിയുമായി ഇണ ചേരുമ്പോള്‍ മൂപ്പര്‍ ആദ്യം ചെയ്യുക പെണ്‍ തുമ്പിയില്‍ മറ്റേതെങ്കിലും ആണ്‍ തുമ്പിയുടെ ബീജം ഉണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ അത് നീക്കം ചെയ്തിട്ടേ ഇണ ചേരൂ..!!
  • മറ്റു തുമ്പികളെ ഓടിക്കാനും ഇണ ചേരാനുമാണ് ആണ്‍ തുമ്പികള്‍ അധിക സമയവും ചെലവഴിക്കുക!
  • നിലവില്‍ ഏറ്റവും വലിയ തുമ്പി ഓസ്ട്രലിയയില്‍ കാണപ്പെടുന്ന ജയന്റ് പെറ്റല്‍ ടെയില്‍ (Giant petal tail) എന്നയിനമാണ്. ചിറകു വിടര്‍ത്തിയാല്‍ 6.5 ഇഞ്ച്‌ വലിപ്പം വരും ഇവയ്ക്ക്.
 ഞങ്ങളുടെ തീറ്റ നിങ്ങളുടെ രക്ഷക്ക് 
  • തലക്കെട്ട്‌ കണ്ടു അതിശയം വരുന്നോ? എന്നാല്‍ സംഗതി സത്യമാണ്.  കൊതുകുകൾഈച്ചകായീച്ചകണ്ണീച്ച തുടങ്ങിയ പ്രാണികളാണ് തുമ്പികളുടെ മുഖ്യ ആഹാരം. കൊതുകും ഈച്ചയും മനുഷ്യരിലേക്ക് പല വിധ രോഗാണുക്കളെ എത്തിക്കുന്ന ഏജന്റുമാര്‍ ആണല്ലോ. അവയെ തിന്നു തീര്‍ക്കുന്നതിലൂടെ നമുക്ക്‌ വലിയൊരു സേവനം തന്നെയാണ് തുമ്പികള്‍ ചെയ്യുന്നത്. കൊതുകിന്റെ ലാര്‍വയെയും ഇവ ആഹാരമാക്കുന്നു. 
  • ചില രാജ്യങ്ങളില്‍ കൊതുക് നിയന്ത്രണത്തിനു തുമ്പികളെ വളര്‍ത്താനുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്.
Female Black-tailed Skimmer (Orthetrum cancellatum), a dragonfly

ഞങ്ങളുടെ ജീവിതമിങ്ങനെ
  • തുമ്പികൾ മുട്ടയിടുന്നത് വെള്ളത്തിലാണ്. സൂചിത്തുമ്പികൾ 100 മുതൽ 400 വരെ മുട്ടകളിടുന്നു. കല്ലൻ തുമ്പികൾ ആയിരത്തിലധികം മുട്ടകളിടും. 
  • സാധാരണ 5 മുതൽ 40 വരെ ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയുമെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ചിലപ്പോൾ പല മാസങ്ങൾ കഴിഞ്ഞാവും മുട്ടകൾ വിരിയുക. 
  • മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫ് (Nymph ) ജലത്തിലെ കൂത്താടികളെയും സൂഷ്മ ജീവികളെയും സസ്യങ്ങളെയും ഭക്ഷിച്ചു വളരുന്നു. 
  • തുമ്പിക്ക് ലാര്‍വ ഘട്ടമോ പ്യൂപ്പ ഘട്ടമോ ഇല്ല. തുമ്പിയുടെ ലാര്‍വയാണ് കുഴിയാന എന്ന് പറയാറുണ്ട്. എന്നാല്‍ കുഴിയാനത്തുമ്പി യഥാര്‍ത്ഥ തുമ്പിയല്ല. മറ്റൊരു വര്‍ഗമാണ്.
  • നിംഫ് വളര്‍ന്നു വരുമ്പോള്‍ ഇടക്കിടെ പടം പൊഴിക്കും (moulting ). 
  • വളർച്ചയെത്തിയ നിംഫ് ജലത്തിൽ നിന്നും ഉയർന്നു കണപ്പെടുന്ന പാറകളിലോ, ചെറുസസ്യങ്ങളിലോ കയറിയിരിക്കുകയും മെല്ലെ പുറംതോട് മാറ്റി പൂർണ വളർച്ചയെത്തിയ തുമ്പികൾ പുറത്തു വരും. 
Post a Comment (0)
Previous Post Next Post